Kerala

‘എല്ലാ ക്രിസ്ത്യന്‍ വീടുകളിലും സ്നേഹയാത്രയുമായി എത്തും, നരേന്ദ്രമോദിയുടെ സ്നേഹ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം’ ; കെ സുരേന്ദ്രൻ

Spread the love

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ചു. മുൻ നിശ്ചയപ്രകാരം എൻഡിഎയുടെ സ്നേഹയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്.

ഇന്ന് മുതൽ സ്നേഹയാത്ര ആരംഭിക്കുകയാണെന്ന് ജോർജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് സ്നേഹയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസോ സിപിഐഎമ്മോ പറയുന്നത് പോലെ സ്നേഹയാത്രയിൽ രാഷ്ട്രീയം കാണുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാനും സ്നേഹയാത്രയിൽ പരിശ്രമിക്കും.

സ്നേഹയാത്രയിൽ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകൾ എല്ലാവീടുകളിലും അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്‍ദ്ദം എന്നിവ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ എല്ലാ ക്രിസ്ത്യൻ വീടുകളിലും എത്താൻ സ്നേഹയാത്രയ്ക്ക് സാധിച്ചിരുന്നില്ല.

ഇത്തവണ എല്ലാ ക്രിസ്ത്യൻ വീടുകളിലും പത്ത്ദിവസം കൊണ്ട് എത്തിച്ചേരും. സ്നേഹയാത്രയ്ക്ക് എല്ലാവിധ ആശംസകളും പിതാവ് നേരുകയുണ്ടായി. കൂടുതൽ ഐക്യവും സ്നേഹവും പരസ്പര സൗഹാര്‍ദ്ദവും ഊട്ടിഉറപ്പിക്കാനുള്ള യേശുക്രിസ്തുവിൻ്റെ സന്ദേശം പരമാവധി വീടുകളിൽ എത്തിക്കാനാണ് പിതാവ് ഞങ്ങളോട് ആവശ്യപ്പെട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.