Kerala

സസ്‌പെന്‍ഷന്‍ തുടരുന്നു; എഎം ആരിഫും തോമസ് ചാഴിക്കാടനും സഭയ്ക്ക് പുറത്ത്

Spread the love

പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുള്ള സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ഇന്ന് എംപിമാരായ എ എം ആരിഫിനെയും തോമസ് ചാഴിക്കാടനെയും ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ സസ്‌പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ ആകെ എണ്ണം 143 ആയി.

ഭൂരിഭാഗം അംഗങ്ങളും പുറത്താകുന്ന നടപടിക്കെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പാര്‍ലമെന്റിനെ മലീമസപ്പെടുത്തുന്ന ഒരു നടപടിയും താന്‍ സഹിക്കില്ലെന്നും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടെ പരിഹാസത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ‘സഭയുടെ അന്തസ് കെടുത്താന്‍ ഒരംഗത്തെയും താന്‍ അനുവദിക്കില്ല. നിങ്ങള്‍ക്ക് ജഗ്ദീപ് ധന്‍കറിനെ അപമാനിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ ഉപരാഷ്ട്രപതിയെ അപമാനിക്കാന്‍ കഴിയില്ല’. ധന്‍കര്‍ പറഞ്ഞു.

അതേസമയം പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ പ്രവൃത്തി നികൃഷ്ടമായ നാടകീയതയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്ട്രപതിയെ വിളിച്ച് സംസാരിച്ചു.

പാര്‍ലമെന്റില്‍ എംപിമാര്‍ക്കെതിരായ കൂട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കാട്ടി I.N.D.I.A രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 22ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രിയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് മുന്നണിയുടെ ആവശ്യം