National

അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കരുത്; ഭർത്താവാണെങ്കിലും ബലാംത്സം​ഗത്തിന്റെ പരിധിയിൽ വരുമെന്ന് ​ഗുജറാത്ത് ഹൈക്കോടതി

Spread the love

പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് ഗുജറാത്ത് ഹൈക്കോടതി. ശരീരത്തില്‍ സ്ത്രീയുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, ഭര്‍ത്താവാണെങ്കില്‍പ്പോലും, അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്നാണ് കോടതി വിധി. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.

രാജ്‌കോട്ടില്‍ നിന്നുള്ള യുവതി, തന്റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ക്യാമറയില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഭര്‍ത്താവ് അവ കുടുംബ വാട്‌സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിപ്പിച്ചതായി യുവതി ആരോപിച്ചു. ഇതിന്മേലാണ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും പ്രതിയെന്ന നിലയില്‍ വരുമെന്ന് ജസ്റ്റിസ് ജോഷി വ്യക്തമാക്കി. സ്ത്രീകളോട് ഇത്തരം പെരുമാറ്റം കാഴ്ചവയ്ക്കുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിലെ ഇത്തരം അതിക്രമങ്ങള്‍ പലപ്പോഴും സമൂഹം കാണാതെ പോകുന്നു. ഈ നിശബ്ദത തകര്‍ക്കപ്പെടണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ചെറുക്കുന്നതിനും സ്ത്രീകളെക്കാള്‍ കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്കുണ്ടെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.