നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ
നവകേരള സദസിന്റെ ഭാഗമായുള്ള മന്ത്രിസഭയുടെ പര്യടനം കൊല്ലം ജില്ലയിൽ തുടരുന്നു. കൊല്ലത്തെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ നവകേരള സദസ്. തുടർന്ന് ചവറയിലും കുണ്ടറയിലും സദസ് നടക്കും. വൈകിട്ട് കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാകും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
അതേസമയം നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാർ ഉത്തരവ് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ.
പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ റസീപ്റ്റ് നൽകിയോ പിരിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം എന്നാണ് സർക്കാർ വിശദീകരണം. സ്പോൺസർഷിപ്പിലൂടെ വിഭവ സമാഹരണം നടത്താൻ ആണ് പറഞ്ഞിട്ടുള്ളതെന്നും സർക്കാർ വിശദീകരിക്കുന്നു. നവ കേരള സദസിൽ ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.