Kerala

വന്യമൃഗങ്ങളെ പ്രദർശന വസ്തുവാകരുത്; കർശന നിർദ്ദേശം

Spread the love

വന്യമൃഗങ്ങളെ പ്രദർശന വസ്തുവാകരുതെന്ന് കർശന നിർദേശവുമായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ. റാന്നിയിൽ കണ്ടെത്തിയ കുട്ടിയാനയെ പ്രദർശന വസ്തുവാക്കി എന്ന പരാതിയിലാണ് നടപടി. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഒറ്റപ്പെട്ട നിലയിൽ കാണപ്പെടുന്ന വന്യമൃഗങ്ങളെ കഴിവതും അവയുടെ കൂട്ടത്തിൽ തിരികെ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇത്തരം വന്യമൃഗങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ട സാഹചര്യത്തിൽ ചീഫ് വൈഡ് ലൈഫ് വാർഡൻ്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്ന സാഹചര്യത്തിൽ വന്യജീവികൾക്ക് അണുബാധയുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വന്യമൃഗത്തിന്റെ പരിചരണത്തിനായി വെറ്റിനറി ഓഫീസറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതാണ്, അവ കർശനമായി നടപ്പാക്കുകയും വേണം. വന്യമൃഗങ്ങളെ രക്ഷപ്പെടുത്തുന്ന ഘട്ടത്തിലും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്ന അവസരത്തിലും പരിചരിക്കുമ്പോഴും പൊതുജനങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങൾ എന്നിവയ്ക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്ന സാഹചര്യം കർശനമായും ഒഴിവാക്കേണ്ടതാണ്. വന്യമൃഗങ്ങളുടെ പരിചരണത്തിനുമായി രണ്ട് ഫീൽഡ് ജീവനക്കാരെ നിയോഗിക്കാം. ഈ ഘട്ടത്തിൽ മറ്റ് ഉദ്യോഗസ്ഥരുടെ സാമീപ്യം പരമാവധി ഒഴിവാക്കേണ്ടതാണെന്നും നിർദ്ദേശം.

പേരിനും പ്രശസ്തിക്കും വേണ്ടി പരിചാരണത്തിലുള്ള വന്യമൃഗങ്ങളുടെ ഫോട്ടോ വീഡിയോ എന്നിവ ഉദ്യോഗസ്ഥർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണത കർശനമായി ഒഴിവാക്കണമെന്നും നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.