Monday, November 18, 2024
Latest:
Kerala

ചാഴിക്കാടനെ അപമാനിച്ചത് ഫാസിസ്റ്റ് സമീപനം; മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരം: കെ.സുരേന്ദ്രൻ

Spread the love

സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ നവകേരള സദസിനിടെ മുഖ്യമന്ത്രി അപമാനിച്ചത് അദ്ദേഹത്തിന്റെ ഫാസിസ്റ്റ് സമീപനത്തിന് തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്രയും അസഹിഷ്ണുത പുലർത്തുന്ന ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മുഴുവൻ മലയാളികൾക്കും അപമാനമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

38 പാർട്ടികളുള്ള എൻഡിഎയിൽ പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും മറ്റ് മുതിർന്ന പാർട്ടി നേതാക്കളും ബഹുമാനത്തോടെയാണ് എല്ലാ ഘടകകക്ഷി നേതാക്കളോടും പെരുമാറുന്നത്. എന്നാൽ പിണറായി വിജയന് മുന്നണി മര്യാദകളൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ മനസിലാവുന്നത്.

കേരള കോൺഗ്രസിനെ പോലെ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കാൻ ശേഷിയുള്ള പാർട്ടിയുടെ നേതാവിനെ പരസ്യമായി അപമാനിക്കുന്നത് അദ്ദേഹത്തിന്റെ ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ തെളിവാണ്. സ്വന്തം മുന്നണിയിലെ നേതാക്കളെ പോലും പരസ്യമായി അവഹേളിക്കുന്ന മുഖ്യമന്ത്രി ഗവർണറോട് ഇത്തരത്തിൽ പെരുമാറുന്നതിൽ അത്ഭുതമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

തോമസ് ചാഴിക്കാടൻ ഉയർത്തിയ റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. എന്നാൽ റബറിന് 250 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന് ഇപ്പോൾ റബർ എന്ന് കേൾക്കുന്നതേ കലിയായിരിക്കുകയാണ്. നവകേരള സദസ് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ളതാണെന്നാണ് തുടക്കത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.

റബർ വിലതകർച്ച കേരളത്തിലെ വലിയൊരു വിഭാഗം കർഷകരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്. എന്നാൽ മുഖ്യമന്ത്രി ഇതിനെ അവഗണിക്കുകയാണ്. പരാതി എന്നൊന്ന് വേണ്ടായെന്നും നിവേദനം മാത്രം മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്.

ജനങ്ങളുടെ യജമാനനാണ് താനെന്ന ഭാവമാണ് മുഖ്യമന്ത്രിക്കുള്ളത്. ജനസേവകനാണ് താനെന്ന് പലപ്പോഴും അദ്ദേഹം മറന്നു പോവുകയാണ്. പാലയിൽ നവകേരള സദസിൽ റബർ വിലതകർച്ചയല്ലാതെ മറ്റെന്താണ് ചാഴിക്കാടന് പറയാനുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.