ഗവര്‍ണര്‍മാര്‍ നിഷ്പക്ഷരായില്ലെങ്കില്‍ ഭരണസംവിധാനം തകരും; വിമർശനവുമായി സുപ്രിംകോടതി മുന്‍ ജസ്റ്റിസ്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതി മുന്‍ ജസ്റ്റിസ് രോഹിന്റന്‍ നരിമാന്‍. ഗവര്‍ണര്‍മാര്‍ നിഷ്പക്ഷരായില്ലെങ്കില്‍ ഭരണസംവിധാനം തന്നെ തകരുമെന്നും കേരളത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് രോഹിന്റന്‍ നരിമാന്‍ പറഞ്ഞു.
ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണര്‍മാരുടെ നിലപാടിനെയും അദ്ദേഹം കുറ്റപ്പെടുത്തി. 23 മാസത്തോളമാണ് കേരള ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാതിരുന്നത്. ആശങ്കയുളവാക്കുന്ന സ്ഥിതിവിശേഷമാണിത്. സുപ്രിംകോടതി വിമര്‍ശിച്ചപ്പോള്‍ മാത്രമാണ്, ഏഴ് ബില്ലുകള്‍ അദ്ദേഹം രാഷ്ട്രപതിക്ക് അയച്ചത്. ഇത് സംസ്ഥാനത്തിന്റെ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളെ വരെ സ്തംഭിപ്പിക്കുന്നതാണെന്നും രോഹിന്റന്‍ നരിമാന്‍ കുറ്റപ്പെടുത്തി.
കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചതോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതി രൂക്ഷ വിമർശനമുന്നയിച്ചത്. രണ്ട് വര്‍ഷത്തോളം ബില്ലുകളില്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്നും നിയമസഭ പാസ്സാക്കിയ ധനബില്ലില്‍ ഉടന്‍ തീരുമാനം എടുക്കാനും ഗവര്‍ണറോട് സുപ്രിം കോടതി നിര്‍ദേശിക്കുകയായിരുന്നു.