Kerala

ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും ഇന്നേവരെ കേരളം കണ്ടിട്ടില്ല; എ.കെ.ബാലൻ

Spread the love

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം AK ബാലൻ രം​ഗത്ത്. ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കേരളം കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവർണർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ ഫാസിസ്റ്റിറ്റ് രാജ്യം ആക്കി മാറ്റാനാണ് സംഘ പരിവാർ ശ്രമം. അതിനുള്ള ശ്രമം ആണ് വിദ്യാഭ്യാസ മേഖല വഴി നടത്തുന്നത്.

ഇന്ത്യയിലെ നാഷണൽ വിദ്യാഭ്യാസ നയം തന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തിൻ്റെ ഘടനയും ഉള്ളടക്കവും അട്ടിമറിക്കാൻ ശ്രമം തുടരുകയാണ്. കേന്ദ്ര സർക്കാർ വഴിവിട്ട എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിനായാണ് കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റിനെ ഉപയോഗപ്പെടുത്തുന്നതെന്നും ആ ജോലിയാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

എസ്.എഫ്.ഐയുടെ പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ പ്രതികരിച്ചു. മുൻകൂട്ടി നിശ്ചയിച്ച പോലെ പരിപാടി നടക്കുമെന്നും പ്രതിഷേധക്കാരെ പോലീസ് നോക്കിക്കോളുമെന്നുമാണ് അദ്ദേത്തിന്റെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയാണ് സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ.

അതേസമയം, എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങുമെന്ന് ആവർത്തിക്കുകയാണ് ഗവർണർ. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനർ ഉയർത്താനുള്ള അവകാശം എസ്എഫ്ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുമെന്നാണ് ​ഗവർണറുടെ നിലപാട്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ​ഗവർണർക്കായി ഒരുക്കിയിരിക്കുന്നത്.

സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ബാനറുകൾ ഉയർത്തിയിരിക്കുകയാണ് എസ്എഫ്ഐ . ചാൻസലർ ഗോ ബാക്ക്, മിസ്റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം, സംഘി ചാൻസലർ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയർത്തിയത്. കറുത്ത തുണിയിൽ വെള്ള നിറത്തിലാണ് എഴുത്തുകൾ. സർവകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്നു. ഈ ഭാഗത്താണ് ആദ്യത്തെ ബാനർ സ്ഥാപിച്ചിരിക്കുന്നത്.

ചാൻസലർ എന്ന നിലയിൽ കേരള, കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ നടത്തിയ നോമിനേഷനെതിരെയാണ് സിപിഎമ്മും എസ്എഫ്‌ഐയും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.