കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പിൽ വെടിവച്ചു കൊന്നു
പട്ടാപ്പകൽ കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു. പട്നയിലെ ദനാപൂർ സിവിൽ കോടതിയിലാണ് സംഭവം. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ബ്യൂർ ജയിലിൽ നിന്ന് പൊലീസ് കൊണ്ടുവന്ന വിചാരണ തടവുകാരന് നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.
സിക്കന്ദർപൂർ സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളി ഛോട്ടേ സർക്കാർ എന്ന അഭിഷേക് കുമാർ (25) ആണ് മരിച്ചത്. എം.എൽ.എയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നര വർഷമായി ജയിലിൽ കഴിയുകയാണ്. ദനാപൂർ സിവിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച ഛോട്ടേ സർക്കാരിനെ രണ്ട് അക്രമികൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
അക്രമികൾ 6 തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. വെടിയേറ്റ് ഛോട്ടേ സർക്കാർ വീണതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കോടതി പരിസരത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടൽ മൂലം ഇരുവരെയും പിടികൂടാനായി. ഇവരിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവതിൽ ദനാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്‌റ്റേഷനുകളിലായി ഛോട്ടേ സർക്കാരിനെതിരെ 16 കേസുകൾ നിലവിലുണ്ട്.