കൊല്ലത്ത് വയോധികയോടുണ്ടായ അതിക്രമത്തിൽ മന്ത്രി ബിന്ദുവിൻ്റെ ഇടപെടൽ
കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു നിർദ്ദേശം നൽകി.
ഏലിയാമ്മ എന്ന വയോധികയ്ക്ക് സ്വന്തം വീട്ടിൽ വെച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ. കൊല്ലം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇന്നുതന്നെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
വയോജനങ്ങൾക്കെതിരായ അതിക്രമസംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ബിന്ദു അറിയിച്ചു. ആവശ്യമായ മറ്റു തുടർനടപടികൾക്കായി റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട മെയിന്റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി ബിന്ദു നിർദ്ദേശം നൽകി.