Kerala

‘പഠന ശേഷം വിവാഹം നടത്താൻ തീരുമാനിച്ചു, വിവാഹം വേ​ഗം വേണമെന്ന് ഷഹന നിർബന്ധിച്ചു’; ഡോ. റുവൈസ് കോടതിയിൽ

Spread the love

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതിയായ ഡോ. റുവൈസ് നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. റുവൈസിന്റെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും റുവൈസ് ഹ​ർജിയിൽ പറയുന്നു. അതേസമയം, റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ലെന്ന് പറഞ്ഞിരുന്നതായും റുവൈസ് ഹർജിയിൽ പറയുന്നു. നേരത്തെ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ. ഞാൻ വ‍ഞ്ചിക്കപ്പെട്ടു.” ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തിൽ റുവൈസിന്റെ പേരുമുണ്ട്. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.