കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്
ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു.
2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനെതിരെ 2020ൽ സമർപ്പിച്ചക്കപ്പട്ട ഹർജികളിൽ ഈ വർഷം ആഗസ്റ്റ് 2 മുതൽ 16 ദിവസം വാദം കേട്ട സുപ്രീംകോടതി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
23 ഹർജിക്കാരാണ് കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജികളിൽ സുപ്രിംകോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ കശ്മീരിൽ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ്, ഇന്റലിജൻസ്, റവന്യൂ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിയിരുത്തിയിരുന്നു.