കരിങ്കൊടിയുമായി ചാടിവീണ് എസ്എഫ്ഐ; കാറിൽ നിന്ന് പുറത്തിറങ്ങി ഗവര്‍ണര്‍; തലസ്ഥാനത്ത് അസാധാരണ സംഭവങ്ങൾ
തിരുവനന്തപുരം: സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് എസ്എഫ്ഐ ഗുണ്ടകൾ ഇറങ്ങിയതെന്നും പറഞ്ഞു.
രാജ്ഭവൻ മുതൽ എയർപോർട്ട് വരേയുള്ള യാത്രയ്ക്കിടെ മൂന്നിടത്താണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവർണർ വിമര്‍ശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്ഐ പ്രവര്‍ത്തകരെ ബ്ലഡ് ക്രിമിനൽസ് എന്നും വിളിച്ചു.
ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.