ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല; ഹർജിക്കാരുടെ വാദം സുപ്രിംകോടതി തള്ളി
ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല. ഹർജിക്കാരുടെ വാദം സുപ്രിംകോടതി തള്ളി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു.
യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം ജമ്മു കശ്മീരിൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണപരമായും നിയമപരമായുമുള്ള അധികാരമുണ്ട്. ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 370 ഭരണഘടനയെ സംയോജിപ്പിക്കാനാണ് വിഘടിപ്പിക്കാനല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനുമതി കേന്ദ്ര സർക്കാരിന് ആവശ്യമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.