Kerala

നവകേരള ബസിന് നേരെ ഷൂവെറിഞ്ഞ കേസ്; നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി

Spread the love

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികള്‍ക്ക് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഉള്‍പ്പെട്ട നാലുപേര്‍ക്കും ജാമ്യം അനുവദിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ പൊലീസിനെതിരെയും പ്രോസിക്യൂഷനെതിരേയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു.

പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയ വേളയില്‍ തങ്ങള്‍ മര്‍ദനത്തിനിരയായെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞു. തങ്ങളെ പൊലീസ് മര്‍ദിച്ചെന്നും പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിച്ചെന്നും പ്രതികള്‍ പറഞ്ഞു. ഇതിനുശേഷം പ്രോസിക്യൂഷനോട് അറസ്റ്റ് ചെയ്ത പ്രതികളെ സംരക്ഷിക്കാന്‍ പൊലീസിന് അറിയില്ലേ എന്ന് കോടതി ചോദിക്കുകയായിരുന്നു. മന്ത്രമാരെ മാത്രമല്ല ജനങ്ങളെ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഐപിസി 308ന്റെ സാഹചര്യം എന്താണെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. തങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ താമസിച്ചുവെന്നും ആശുപത്രിയില്‍ പോലും ഭീഷണിയുണ്ടായെന്നും പ്രതികള്‍ കോടതിയോട് പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസി 308, 283, 353 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നവകേരള യാത്ര പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികള്‍ക്ക് ഉണ്ടായിരുന്നെന്നാണ് എഫ്‌ഐആര്‍.