യുദ്ധഭീകരതയ്ക്ക് നടുവിലെ നിലവിളികള്‍ക്കിടെ ഇന്ന് ലോകമനുഷ്യാവകാശ ദിനം; മാനവികയെ സംരക്ഷിക്കാന്‍ ചെയ്യാനുള്ളത് ഏറെ
ഇന്ന് ലോക മനുഷ്യാവകാശ ദിനം. യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും കലുഷിതമാക്കിയ കാലത്ത്, ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്കവര്‍ധിച്ചുവരുന്ന വേളയിലാണ് ഇത്തവണ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാര്‍ഷികത്തിലാണ് ഇത്തവണ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഓരോ വ്യക്തിക്കും അന്തസും സുരക്ഷയും ഉറപ്പാക്കി, സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഈ ദിനം ആചരിക്കുന്നത്.
യുദ്ധവും തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും നാശം വിതച്ച നാളുകളാണ് കടന്നുപോകുന്നത്. വീടും നാടും വിട്ട് പലായനം ചെയ്യുന്നവരുടെ നിസ്സഹായത. മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയുടെ നാളുകളിലൂടെ കടന്നുപോകുകയാണ് ലോകം. ഗസ്സയിലും യുക്രൈനിലും യുദ്ധം അനിശ്ചിതമായി തുടരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആഭ്യന്തരകലാപം രൂക്ഷമാകുന്നു. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്കയും പാകിസ്താനും. വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങള്‍, യുദ്ധഭീഷണി നേരിടുന്ന തെക്കന്‍ കൊറിയ. ഭൂകമ്പവും അതിവര്‍ഷവുമായി പ്രകൃതി ദുരന്തങ്ങള്‍ ഒന്നൊന്നായി ലോകത്തെ അലട്ടുന്നു. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ അപമാനിതരായ സ്ത്രീകള്‍ ഇന്ത്യയുടേയും ലോകത്തിന്റെയാകെയും നോവാകുകയാണ്. സാമ്പത്തിക മാന്ദ്യത്തില്‍ നട്ടംതിരിയുന്ന ആഗോളസമ്പദ് വ്യവസ്ഥ. ലോകം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ മനുഷ്യാവകാശദിനത്തിന്റെ പ്രാധാന്യം ഏറെയാണ്.