National

തുടർ നീക്കങ്ങൾ തീരുമാനിക്കാൻ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി മഹുവ മൊയ്ത്ര

Spread the love

ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തുടർ നീക്കങ്ങൾ തീരുമാനിക്കാൻ മഹുവ മൊയ്ത്ര നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ നിയമപരമായ നീക്കങ്ങൾക്ക് മഹുവ ആലോചിക്കുന്നതയാണ് സൂചന.

എന്നാൽ വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് തൃണമൂൽ കോണ്ഗ്രസിന്റെ തീരുമാനം. മഹുവക്കെതിരായ നടപടി ദേശീയ തലത്തിൽ തന്നെ പ്രചാരണ വിഷയമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, വ്യവസായി ഗൗതം അദാനിക്കും എതിരെ സംസാരിച്ചതിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് മഹുവയെ ലോക്സഭയിൽ നിന്ന് സ്വാഭാവിക നീതി പോലും നിഷേധിച്ച് പുറത്താക്കിയത് എന്ന് പ്രചാരണം നടത്തും.

അതേസമയം എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും പാലിച്ചാണ് മഹുവക്ക് എതിരായ നടപടി എന്നും, വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതിൽ നിന്നും മറ്റ് പാർട്ടികൾ വിട്ടുനിൽക്കണമെന്നും എത്തിക്സ് കമ്മിറ്റി അംഗമായ ബിജെപി നേതാവ് അപരാജിത സാരംഗി പറഞ്ഞു.

ചോദ്യത്തിന് പകരം കോഴ ആരോപണത്തിൽ തെളിവില്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന് മഹുവ ആരോപിച്ചിരുന്നു. തനിക്കെതിരായ നടപടി അന്യായം. പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മൊയ്ത്ര പറഞ്ഞു.

പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് മഹുവ മൊയ്ത്രയുടെ രൂക്ഷ വിമർശനം. പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. ദർശൻ ഹിര നന്ദനിയുടെ വ്യവസായിക താൽപര്യത്തിനനുസൃതമായി ചോദ്യം ചോദിച്ചെന്നാണ് തനിക്കെതിരായ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയതിന് റിപ്പോർട്ടിൽ തെളിവില്ലെന്നും മഹുവ മൊയ്ത്ര.

പരാതിയും പരാതിക്കാരന്റെ സത്യവാങ്മൂലവും പരസ്പര വിരുദ്ധം. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടി. അടുത്ത ആറുമാസം സിബിഐയെ ഉപയോഗിച്ച് തന്നെ വേട്ടയാടും. എന്തും നേരിടാൻ തയ്യാർ. പോരാട്ടം തുടരും. അടുത്ത 30 വർഷം സഭയ്ക്ക് അകത്തും പുറത്തും പോരാട്ടം തുടരും. ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കമെന്നും മഹുവ പറഞ്ഞു.

മഹുവയുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായിയിരുന്നു.