Kerala

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണമൊരുക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

Spread the love

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു .

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റി സെക്രട്ടറി കല്ലിയൂർ ശശി, കെ.എസ്.പി.എ. വൈസ് പ്രസിഡന്റ് ജി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു . ടാഗോർ തിയറ്റർ പരിസരത്തെ എക്സിബിഷൻ സ്റ്റാളിൽ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടു വരെയാണ് ഭക്ഷണവിതരണം.

അതേസമയം രാജ്യാന്തര ചലച്ചിത്രമേളയിൽ ഇറാനിയൻ ചിത്രം അക്കിലിസ് ഉൾപ്പടെ നാളെ പ്രദർശിപ്പിക്കുന്നത് അഞ്ച് മത്സരചിത്രങ്ങളാണ്. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മാനുഷിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈവിൾ ഡസ് നോട്ട് എക്സിസ്ററ്, സൺ‌ഡേ, അക്കിലിസ്, പ്രിസൺ ഇൻ ദി ആന്റെസ്, സെർമൺ ടു ദി ബേർഡ്‌സ് എന്നീ ചിത്രങ്ങളാണ് ഈ വിഭാ​ഗത്തിൽ സ്ക്രീനിലെത്തുക.

ഓസ്കാർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റുസ്യുകെ ഹാമാഗുച്ചിയാണ് ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന്റെ സംവിധായിക . ടകുമി എന്നയാളുടെ ഗ്രാമത്തിലേക്ക് വ്യവസായികൾ എത്തുന്നതും തുടർന്നുണ്ടാവുന്ന പാരിസ്ഥിതിക സാമൂഹിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം .ഷോക്കിർ ഖോലിക്കോവ് എന്ന നവാഗത ഉസ്‌ബെക്കിസ്ഥാൻ സംവിധായകന്റെ ചിത്രമായ സൺ‌ഡേ രണ്ട് തലമുറകൾ തമ്മിലുള്ള സംഘർഷങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്‌.

ഒരു രാഷ്ട്രീയ തടവുകാരിയെ ജയിലിൽ നിന്ന് രക്ഷപെടാൻ സഹായിക്കുന്ന മുൻ ചലച്ചിത്രനിർമാതാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ ഫർഹാദ് ദെലാറാമിന്റെ ഇറാനിയൻ ചിത്രം അക്കിലിസ്, അപ്രതീക്ഷിത സംഭവങ്ങളെ തുടർന്ന് ആഡംബര ജീവിതം നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന കുറ്റവാളികളുടെ കഥപറയുന്ന പ്രിസൺ ഇൻ ദി ആന്റെസ്, ഹിലാൽ ബയ്ദറോവിന്റെ അസർബെയ്ജാൻ ഫാന്റസി ചിത്രം സെർമൺ ടു ദി ബേർഡ്‌സ് എന്നിവയാണ് മത്സരവിഭാഗത്തിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ.