ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ? കെ സുധാകരന് എംപിയുടെ ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടിയില്‍ വിവാദം
ദില്ലി: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി വിദേശകാര്യ മന്ത്രാലയം. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് മറുപടി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട പാർലമെൻറ് ഉത്തരത്തില്‍ താന്‍ ഒപ്പുവെച്ചിട്ടില്ല . താന്‍ ഉത്തരം നല്‍കിയെന്ന നിലയില്‍ വന്ന മറുപടി കുറിപ്പ് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രിയേയും വിദേശ കാര്യ സെക്രട്ടറിയേയും എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം അറിയിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്നും മന്ത്രിയുടെ ഒപ്പ് എങ്ങനെ വന്നു എന്ന് അറിയണമെന്നും താൻ നൽകിയ മറുപടിയെന്ന രീതിയിൽ ഉള്ളത് ലോക്സഭ വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.