5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
ഇക്കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന സിപിഐഎം പോളിറ്റ് ബ്യൂറോയോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 11 മണിക്ക് സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവനിലാണ് യോഗം. രാജസ്ഥാനിൽ ഇത്തവണ 5 സീറ്റുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള രണ്ട് സീറ്റുകളും പാർട്ടിക്ക് നഷ്ടപെട്ടു. തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി യോഗം വിലയിരുത്തും.
2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകളും യോഗത്തിൽ നടക്കും. പൊതു രാഷ്ട്രീയ സാഹചര്യം ആണ് യോഗത്തിലെ മറ്റൊരു അജണ്ട. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കില്ല. നവ കേരള യാത്രയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
രാജസ്ഥാനിൽ സിപിഐഎം സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ കാരണം കോൺഗസ് നിലപാടാണ് എന്നായിരുന്നു സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ്റെ നിലപാട്. സിപിഐഎമ്മിനെ തോൽപിക്കാൻ ബിജെപിക്ക് വോട്ട് ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എങ്ങനെ ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയർത്താനാകും? യുഡിഎഫിന്റെ ഭാഗമല്ലാതെ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പോലും മത്സരിക്കാനാകില്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായ സംവിധാനത്തോട് മത്സരിക്കുകയാണ്.
ഇന്ത്യയിൽ ബിജെപിയെ തോൽപിക്കുക തന്നെ വേണമെന്നാണ് സി.പി.ഐ.എം നിലപാട്. ഓരോ സംസ്ഥാനത്തേയും ഓരോ യൂണിറ്റായി എടുക്കണം. അവിടുത്തെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ശ്രമിക്കണം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമോ എന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. ബിജെപിക്കെതിരെ മത്സരിക്കാതെ ഇടതുപക്ഷത്തിനോട് മത്സരിക്കണമോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. രാഹുൽ മത്സരിക്കരുത് എന്ന് അപേക്ഷിക്കാനില്ല. ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരിക എന്നത് സിപിഐഎമ്മിന്റെ അജണ്ടയിലില്ല. വർഗീയതയ്ക്കെതിരെയുള്ള സമരത്തിൽ ഏവരേയും കൂടെ കൂട്ടും. പക്ഷെ അതൊരു രാഷ്ട്രീയ കൂട്ടുകെട്ടല്ല. കുറ്റവിചാരണ സദസിൽ ജനപങ്കാളിത്തമില്ല. നേതാക്കന്മാർ മാത്രമേയുള്ളൂ. കേരളത്തിൽ ബിജെപി ഒരു രാഷ്ട്രീയ ശക്തിയല്ല എന്നും അദ്ദേഹം പറഞ്ഞു.