മഹുവ മൊയ്ത്രക്കെതിരായ പാർലമെന്റ്എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്ക് ഇന്ന് നിർണ്ണായകം. മഹുവക്കെതിരായ പാർലമെന്റ് എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. എത്തിക്സ് കമ്മറ്റി സ്പീക്കർ ഓം ബിർളക്ക് സമർപ്പിച്ചറിപ്പോർട്ടാണ് സഭയിൽ ചർച്ചക്ക് വരുക. ചോദ്യക്കോഴ ആരോപണത്തിൽ മഹുവ മൊയ്ത്രക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു എന്നും മഹുവയെ അയോഗ്യയാക്കണം എന്നുമാണ് റിപ്പോർട്ടിലെ ശുപാർശ.
റിപ്പോർട്ട് ലോക്സഭയിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദേശിച്ച് പാർട്ടി എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് സഭ പാസാക്കിയാൽ ഉടൻ മധുവ അയോഗ്യയാകും. ജമ്മുകശ്‌മീർ പുനഃസംഘടന ഭേദഗതി ബില്ലും, ജമ്മുകശ്‌മീർ സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യ സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ അവതരിപ്പിക്കും.
തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്‌സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുന്നില്‍ നിന്നുള്ള നാടകീയമായ ഇറങ്ങിപ്പോകലിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താന്‍ നേരിട്ട കാര്യങ്ങള്‍ മഹുവ വിശദീകരിച്ചത്.
എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു. രാത്രി വൈകി നിങ്ങള്‍ ആരോടാണ് സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത 24 മണിക്കൂറിലെ അര്‍ദ്ധരാത്രിയിലെ ഫോണ്‍കാളുകളുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് തരാന്‍ സാധിക്കുമോ എന്നവര്‍ ചോദിച്ചു. അതിന് സമ്മതമല്ലെങ്കില്‍ പറ്റില്ല എന്ന് പറയാമെന്നും അവര്‍ പറഞ്ഞു. നിങ്ങളൊരു വേശ്യയാണോ എന്ന് ചോദിക്കുകയും അപ്പോള്‍ ഞാന്‍ അല്ല എന്ന് പറയുകയും ചെയ്താല്‍ അതില്‍ ഒരു പ്രശ്‌നവുമില്ല, ആ ചോദ്യം കൊണ്ടുള്ള പ്രശ്‌നം അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതിക്കോളണം എന്നാണോ നിങ്ങള്‍ വിചാരിക്കുന്നതെന്ന് മഹുവ ഒരു മറുചോദ്യം ചോദിച്ചു. ബിജെപി അംഗങ്ങള്‍ ആ സമയത്ത് നിശബ്ദരായിരുന്നെന്നും തങ്ങള്‍ ഇതിന്റെ ഭാഗമാകില്ലെന്ന് ആ സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കിയെന്നും മഹുവ പറയുന്നു.