‘അവസാനം ആവേശത്തോടെ കാനം പറഞ്ഞു, നല്ല മാറ്റമുണ്ട്, മുറിവും ഉണങ്ങി, ഞാന്‍ ഉടന്‍ മടങ്ങിവരും’; അപ്രതീക്ഷിത വിടവാങ്ങല്‍ ഞെട്ടിച്ചെന്ന് എം വി ഗോവിന്ദന്‍
അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതമുഴിഞ്ഞ് വച്ചയാളായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം തങ്ങളില്‍ നടുക്കമുണ്ടാക്കിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതികൂലസാഹചര്യത്തില്‍ പോലും സിപിഐയേയും സിപിഐഎമ്മിനേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കാനം വളരെ ശ്രദ്ധേയമായ പങ്കുവഹിച്ചുവെന്ന് എം വി ഗോവിന്ദന്‍ അനുസ്മരിച്ചു.
കാനം രാജേന്ദ്രന്‍ വിട്ടുപിരിഞ്ഞ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേട്ടത്. അമൃത ആശുപത്രിയിലായിരിക്കെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മുറിവുകള്‍ ഉണങ്ങുകയാണ് ,നല്ല വ്യത്യാസമുണ്ട് ഉടന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങിവരാമെന്ന് ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും കാനം പറഞ്ഞിരുന്നു. ഇതിന് ശേഷം ഇന്നലെ കാനത്തിന്റെ മകനുമായി ഞാന്‍ സംസാരിച്ചിരുന്നു. അന്ന് സംസാരിച്ചതിനേക്കാള്‍ മെച്ചമാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെന്ന് ഇന്നലെ അദ്ദേഹത്തിന്റെ മകന്‍ എന്നോട് പറഞ്ഞിരുന്നു. ഈ മരണം നടുക്കമുണ്ടാക്കി.കാനം രാജേന്ദ്രന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. എം വി ഗോവിന്ദന്‍ പറഞ്ഞു. നവകേരള സദസ്സ് എറണാകുളത്ത് നടന്നുകൊണ്ടിരുക്കുമ്പോഴാണ് കാനത്തിന്റെ മരണം സ്ഥിരീകരിച്ചത്. മന്ത്രിമാര്‍ അമൃത ആശുപത്രിയിലേക്ക് തിരിച്ചു.
വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു. 52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി.