ശക്തമായ നിലപാടുകളായിരുന്നു കാനം രാജേന്ദ്രന്റേത്; അനുസ്മരിച്ച് കെ. സുരേന്ദ്രൻ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. ശക്തമായ നിലപാടുകളുള്ള നേതാവായാണ് കാനം രാജേന്ദ്രനെ കേരളം ഓർമ്മിക്കുകയെന്ന് കെ. സുരേന്ദ്രൻ അനുശോചിച്ചു. വ്യക്തിപരമായി അടുത്ത സൗഹൃദം കാനവുമായുണ്ടായിരുന്നു. നല്ല പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് പോലും സൗമ്യതയോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഉണ്ടായിട്ടുള്ള ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും തലമുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു കാനമെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. നിലപാടുകളിൽ വെള്ളം ചേർത്തിരുന്നില്ല. സിപിഐക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനും, പാർട്ടിയെ ശാക്തീകരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ മറക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
ട്രെഡ് യൂണിയൻ മേഖലയിൽ നിന്നും ദീർഘകാലം പ്രവർത്തിച്ചു അതിന് ശേഷം സംഘടനാ രംഗത്തേക്ക് എത്തിയ നേതാവിനെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമാകുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ജീവിച്ച മനുഷ്യൻ എന്നുതന്നെ കാനത്തെ വിശേഷിപ്പിക്കാം. പത്തൊമ്പതാം വയസിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. തുടർന്ന് വളരെ പെട്ടന്ന് എംഎൽഎ ആകുന്നു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗമാവുന്നു. ഇരുപത്തിയൊന്നാം വയസിലാണ് അദ്ദേഹം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത്.
അതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം പാർട്ടിക്കുവേണ്ടി മാത്രമായിരുന്നു.മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി. കയറ്റിറക്കങ്ങൾ അദ്ദേഹത്തിന് ഒരുപാട് ഉണ്ടായിട്ടുണ്ട്. രണ്ട് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം മത്സരിച്ചു വിജയിച്ചു.
അതിന് ശേഷം എഐടിയുസിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 52 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം. പലപ്പോഴും പാർട്ടി നേതൃത്വത്തോട് ഇടയുന്ന സാഹചര്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. എന്നാൽ കാനം ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. വളരെ കൃത്യമായ നിലപാടുള്ളയാളായിരുന്നു കാനം.
1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു.
1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.