സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടത് ഷഹനയുടെ മരണത്തിന് ഇടയാക്കി; റുവൈസിന്റെ റിമാൻഡ് റിപ്പോർട്ട്
യുവ ഡോക്ടറുടെ ആത്മഹത്യയിൽ ഡോ.റുവൈസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് ഡോ.ഷഹനയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടത് ഷഹനയുടെ മരണത്തിന് ഇടയാക്കി.
പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ ഉണ്ടെന്നും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
‘സ്ത്രീധനമോഹം കാരണം ഇന്നെന്റെ ജീവിതമാണ് അവസാനിക്കുന്നത്’ ‘വിവാഹ വാഗ്‌ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം’ ‘ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്’ പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമെന്ന് റിമാൻഡ് റിപ്പോർട്ട്.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും’, എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.