രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷനെ വീട്ടിൽ കയറി വെടിവച്ചു കൊന്നു
ജയ്പൂരിൽ വലതുപക്ഷ സംഘടനയായ രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷനെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. സുഖ്ദേവ് സിംഗ് ഗോഗമേദിയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗോഗമേദിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഗോൾഡി ബ്രാർ സംഘത്തിലെ ഒരാൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൂന്നംഗ സംഘമാണ് ഗോഗമേദിയുടെ വീട്ടിൽ കയറി അക്രമം നടത്തിയത്. ഗോഗമേദിയെയും കൂട്ടാളികളെയും വെടിവച്ചു വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുഖ്ദേവ് സിംഗിന് അഞ്ച് തവണ വെടിയേറ്റുവെന്നാണ് വിവരം. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഗോഗമേദിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ ഗോൾഡി ബ്രാർ സംഘത്തിലെ ഒരാൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഗോഗമേദി തങ്ങളുടെ ശത്രുക്കളെ പിന്തുണച്ചിരുന്നുവെന്നും ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചു. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാനേതാവ് ബ്രാർ ദേശീയ അന്വേഷണ ഏജൻസി തെരയുന്ന കൊടും കുറ്റവാളിയാണ്. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.