Kerala

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്; അഷ്ടമി ദർശനം ആംരഭിച്ചു

Spread the love

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം ആംരഭിച്ചു. രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്. ബുധനാഴ്ച പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും.

3:30-നും 4:30-നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് അഷ്ടമി ദർശനം. ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം.

അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം. പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണമെന്നാണ് നിർദ്ദേശം. ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.

വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവമായി കൊണ്ടാടുന്നത്.

നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ ഉണ്ടാകുക. അഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 21-നും കൊടിയേറ്റ് അറിയിപ്പ്, സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കുലവാഴ പുറപ്പാട് എന്നിവ 23-നും നടക്കും.