Thursday, April 2, 2026
Latest:
Kerala

രാമനു പകരം ഹനുമാനെ മുന്നോട്ടുവെക്കാൻ കോൺഗ്രസ് ശ്രമിച്ചു; ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരിക എന്നത് സിപിഐഎമ്മിന്റെ അജണ്ടയിലില്ല: എംവി ഗോവിന്ദൻ

Spread the love

കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. കോൺഗ്രസിന് രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വയ്ക്കാനാകുന്നില്ല. പലയിടത്തും ഹിന്ദുത്വ അജണ്ട തന്നെ കോൺഗ്രസും സ്വീകരിച്ചു. ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരിക എന്നത് സിപിഐഎമ്മിന്റെ അജണ്ടയിലില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ശരിയല്ലെന്ന് തെളിയിച്ചു. ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടിയിടത്തെല്ലാം കോൺഗ്രസ് പരാജയപ്പെട്ടു. രാഷ്ട്രീയവും സംഘടനാപരമായ പരാജയമാണ്. കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറുന്നു. കോൺഗ്രസിന് രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വയ്ക്കാനാകുന്നില്ല. ബിജെപി വർഗീയത മുന്നോട്ട് വയ്ക്കുമ്പോൾ ബദൽ നയം വയ്ക്കാനായില്ല. പലയിടത്തും ഹിന്ദുത്വ അജണ്ട തന്നെ കോൺഗ്രസും സ്വീകരിച്ചു. കോൺഗ്രസിന് ബിജെപിയെ നേരിടാൻ ഐക്യ പ്രസ്ഥാനം മുന്നോട്ട് വയ്ക്കാനുമാകുന്നില്ല. രാമന് പകരം ഹനുമാനെ മുന്നോട്ട് വയ്ക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധം വേണ്ടെന്ന കനഗോലു സിദ്ധാന്തമാണ് പരാജയപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ സിപിഐഎം സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ കാരണം കോൺഗസ് നിലപാടാണ്. സിപിഐഎമ്മിനെ തോൽപിക്കാൻ ബിജെപിക്ക് വോട്ട് ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എങ്ങനെ ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയർത്താനാകും? യുഡിഎഫിന്റെ ഭാഗമല്ലാതെ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് പോലും മത്സരിക്കാനാകില്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായ സംവിധാനത്തോട് മത്സരിക്കുകയാണ്.

ഇന്ത്യയിൽ ബിജെപിയെ തോൽപിക്കുക തന്നെ വേണമെന്നാണ് സി.പി.ഐ.എം നിലപാട്. ഓരോ സംസ്ഥാനത്തേയും ഓരോ യൂണിറ്റായി എടുക്കണം. അവിടുത്തെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ശ്രമിക്കണം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമോ എന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. ബിജെപിക്കെതിരെ മത്സരിക്കാതെ ഇടതുപക്ഷത്തിനോട് മത്സരിക്കണമോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. രാഹുൽ മത്സരിക്കരുത് എന്ന് അപേക്ഷിക്കാനില്ല. ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരിക എന്നത് സിപിഐഎമ്മിന്റെ അജണ്ടയിലില്ല. വർഗീയതയ്ക്കെതിരെയുള്ള സമരത്തിൽ ഏവരേയും കൂടെ കൂട്ടും. പക്ഷെ അതൊരു രാഷ്ട്രീയ കൂട്ടുകെട്ടല്ല. കുറ്റവിചാരണ സദസിൽ ജനപങ്കാളിത്തമില്ല. നേതാക്കന്മാർ മാത്രമേയുള്ളൂ. കേരളത്തിൽ ബിജെപി ഒരു രാഷ്ട്രീയ ശക്തിയല്ല എന്നും അദ്ദേഹം പറഞ്ഞു.