National

രാജസ്ഥാനിൽ വരുന്നത് മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത ബി ജെ പി മന്ത്രിസഭയോ?

Spread the love

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞിരിക്കുകയാണ്. 199 മണ്ഡലങ്ങളിൽ 115 സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. തുടർഭരണം പ്രതീക്ഷിച്ച കോൺ​ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയിൽ 69 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നനു. സംസ്ഥാനത്ത് മത്സരിച്ച 15 സ്വതന്ത്ര സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട്. ഇതിൽ രണ്ടു മുസ്ലീം സ്ഥാനാർഥികളുമുണ്ട്.

മുഖ്താർ അഹമ്മദ്, യൂനുസ് ഖാൻ എന്നിവരാണ് വിജയത്തിനടുത്ത് നിൽക്കുന്നത്. ഭരത്പൂർ ജില്ലയിലെ കമാൻ നിയമസഭാ മണ്ഡലത്തിൽ നിന്ന് മുഖ്താർ അഹമ്മദ് മത്സരിക്കുന്നത്. യൂനുസ് ഖാൻ ദിദ്വാന നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. രാജസ്ഥാനിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുള്ള സുന്ധര രാജെയുടെ അടുത്തയാളും ബിജെപിയുടെ ഏക മുസ്ലിം മുഖവുമായിരുന്നു യൂനുസ് ഖാൻ.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റിനെതിരെ ടോങ്ക് മണ്ഡലത്തിൽ മത്സരിക്കാൻ യൂനുസ് ഖാനെ ബിജെപി രംഗത്തിറക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പൈലറ്റിനോട് ഖാൻ പരാജയപ്പെട്ടു. മുൻ വസുന്ധര സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു യൂനുസ് ഖാൻ.

അതേസമയം ഇത്തവണ ബിജെപി ഒരു മുസ്ലീം സ്ഥാനാർഥിയെപ്പോലും മത്സരരംഗത്തേക്ക് എത്തിച്ചിട്ടില്ല. ബി.ജെ.പിയുടെ ഈ നയം അജ്മീറിലെ മസൂദ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പ്രകടമാകുന്നു ഒന്നായിരുന്നു. റാവത്ത് രജ്പുത്ര വിഭാ​ഗത്തിലുള്ള അഭിഷേക് സിങ്ങിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇസ്ലാം മതം പിന്തുടരുന്ന ഒരു വംശത്തിൽ ഉൾപ്പെടുന്നയാളാണെന്ന് ആരോപണ ഉയർന്നു. ഇതിന് പിന്നാലെ അഞ്ചാം സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയ അഭിഷേക് സിങ്ങിനെ പിന്നീട് ഒഴിവാക്കുകയും ചെയ്തു. എന്നാൽ അഭിഷേക് സിംഗ് തന്റെ ഹൈന്ദവ വിശ്വാസം ആവർത്തിച്ച് പറയേണ്ടി വരികയും ചെയ്തെങ്കിലും സ്ഥാനാർഥിപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടു.

ഈ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എന്നിവയിൽ നിന്ന് മുസ്ലീം സ്ഥാനാർത്ഥികൾ പ്രധാന മുസ്ലീം ആധിപത്യമുള്ള മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ബിജെപി മുസ്ലീം സ്ഥാനാർത്ഥികളെയൊന്നും നിർത്തിയിട്ടില്ല. അതിനാൽ തന്നെ ബിജെപി മന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യം ഉണ്ടായിരിക്കില്ല എന്നാണ് വിലയിരുത്തലുകൾ.