National

മധ്യപ്രദേശിൽ കമൽനാഥിന്റെ ഹിന്ദുത്വം പാളി; വിജയിച്ചത് അമിത് ഷായുടെ മറുതന്ത്രം

Spread the love

മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. വോട്ടെണ്ണല്‍ മണിക്കൂറുകൾ പിന്നിടുമ്പോള്‍ തന്നെ 162 മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റം നടത്തുകയാണ്. കോണ്‍ഗ്രസ് 65 സീറ്റുകളിലേക്ക് ചുരുങ്ങിയെന്നത് മധ്യപ്രദേശിൽ ഭരണ വിരുദ്ധ വികാരമില്ലെന്നത് അടിവരയിട്ട് പറയുന്നു. രണ്ടു സീറ്റില്‍ ബി.എസ്.പിയും ഒരിടത്ത് ഗോണ്ട്വാനാ ഗണതന്ത്ര പാര്‍ട്ടിയും മുന്നേറുകയാണ്.
2018 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടിക്കൊണ്ട് ആദ്യം സർക്കാർ രൂപീകരിച്ചത് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് തന്നെയായിരുന്നു. എന്നാൽ 2019 മാർച്ചിൽ 22 എംഎൽഎമാരെയും കൂട്ടി ജ്യോതിരാദിത്യ സിന്ധ്യ മറു പാളയത്തിലെത്തിയതോടെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി ഭരണം പിടിച്ചെടുത്തു. ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നില്ല ബിജെപി മത്സരിച്ചതെങ്കിലും, അദ്ദേഹം തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ താരം.

ബിജെപി പയറ്റുന്ന ഹിന്ദുത്വ കാർഡ് അതേ അർത്ഥത്തിൽ മുൻമുഖ്യമന്ത്രി കമൽനാഥ് എടുത്ത് പ്രയോ​ഗിക്കുന്നതും ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കണ്ടു. എന്നാൽ അത് വർക്കൗട്ടായില്ലെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ബിജെപി മുന്നേറ്റം. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് കരുതിയ കോൺ​ഗ്രസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി.

രാമക്ഷേത്രം ഉയർത്തിക്കാട്ടി തന്നെയായിരുന്നു മധ്യപ്രദേശിൽ ബിജെപിയുടെ പ്രചാരണം. എന്നാൽ രാമക്ഷേത്രം ബിജെപിയുടെ ക്ഷേത്രമാണോ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു മുൻ മുഖ്യമന്ത്രി കമൽനാഥ് ആദ്യഘട്ടം മുതൽ ഇതിനെ പ്രതിരോധിച്ചത്. രാമക്ഷേത്രം ഈ രാജ്യത്തെ ഓരോ വ്യക്തികളുടെടെയും ക്ഷേത്രമാണെന്നും ഇത് സനാതന ധർമ്മത്തിന്റെ മഹത്തായ ഒരു പകർപ്പാണെന്നുമാണ് കമൽനാഥ് പ്രതികരിച്ചത്. രാമക്ഷേത്രം നിർമ്മിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതായത്, ബിജെപിയുടെ ആയുധമായ ഹിന്ദുത്വ കാർഡ് എല്ലാ അർത്ഥത്തിലും എടുത്ത് തിരിച്ച് പ്രയോ​ഗിക്കുകയായിരുന്നു കമൽനാഥ്. എന്നാൽ മധ്യപ്രദേശിൽ കമൽനാഥിന്റെ ഹിന്ദുത്വ കാർഡ് പൂർണമായും പരാജയപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്.

കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ പ്രതിരോധിക്കാൻ മുന്നിട്ട് നിന്നതും കമൽനാഥ് തന്നെയായിരുന്നു. ഒക്ടോബർ 28 മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് പര്യടനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുമ്പ് ക്ഷേത്രം പണിയാനുള്ള ബിജെപിയുടെ പരിശ്രമത്തെ സംശയിച്ചതിന് കോൺഗ്രസിനെ പരിഹസിച്ചിരുന്നു. ചിന്ദ്വാരയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ തീയതി തങ്ങൾ നിശ്ചയിച്ചുവെന്നും രാഹുൽ ഗാന്ധിക്ക് ഇനി എന്താണ് പറയാനുള്ളത് എന്നുമായിരുന്നു അമിത് ഷാ ആഞ്ഞടിച്ചത്. ഇതിനെതിരെയെല്ലാം രം​ഗത്തെത്തിയത് സാക്ഷാൽ കമൽനാഥ് തന്നെയായിരുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഫോട്ടോ ബിജെപി പോസ്റ്ററുകളിൽ ഉപയോഗിക്കുന്നതിനെതിരെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്ന സാഹചര്യം വരെ ഉണ്ടായി. രാമക്ഷേത്രത്തിന്റെ പരസ്യബോർഡുകളും പോസ്റ്ററുകളും മധ്യപ്രദേശിൽ ഉടനീളം ബിജെപി സ്ഥാപിച്ചിരുന്നു. ഭവ്യ റാം മന്ദിർ ബങ്കാർ ഹോ രഹാ ഹെ തൈയാർ, ഫിർ ഇസ് ബാർ ബിജെപി സർക്കാർ (മഹത്തായ രാമക്ഷേത്രം ഒരുങ്ങുന്നു, ഇത്തവണയും ബിജെപി സർക്കാർ വരും) എന്നാണ് പോസ്റ്ററുകളിൽ പതിച്ചിരുന്നത്.

നേരത്തെ, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ നടത്തിയ വിവാദ പരാമർശം കോൺഗ്രസിന്റെ വീക്ഷണവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ബിജെപി പ്രചരിപ്പിച്ചത്. സനാതന ധർമ്മ വിവാദത്തിൽ കോൺഗ്രസിനെ മറുവശത്ത് ചിത്രീകരിച്ച്, ബിജെപി ഹിന്ദുത്വ കാർഡ് പുറത്തെടുക്കുകയായിരുന്നു. സനാതന ധർമ്മത്തെ തകർക്കാനാണ് ഇന്ത്യാ മുന്നണി ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം പ്രതിരോധിച്ചതും ഹിന്ദുത്വ കാർഡ് തന്നെ തിരികെ ആയുധമാക്കിയതും മധ്യപ്രദേശിൽ കമൽനാഥ് തന്നെയായിരുന്നു. എന്നാൽ കമൽനാഥിന്റെ ഹിന്ദുത്വം മധ്യപ്രദേശിൽ പച്ചപിടിച്ചില്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. മധ്യപ്രദേശിലെ ജനമനസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നാണ് ശിവരാജ് സിം​ഗ് ചൗഹാൻ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതികരിച്ചത്.

എന്തായാലും, ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് വലിയ ആത്മ വിശ്വാസം പകരുന്നതാണ്. ലോക് സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യാ മുന്നണിക്ക് വലിയ ക്ഷീണമാണ് രാജസ്ഥാനിലേയും ഛത്തീസ് ഗഡിലേയും തിരിച്ചടി മധ്യപ്രദേശിലെയും തിരിച്ചടി. തെലങ്കാനയില്‍ ഭരണം പിടിക്കാനായെന്നതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം.