Kerala

ഒറ്റപ്പെട്ട ജീവിതം, കമ്പ്യൂട്ടർ വിദഗ്ധൻ, ക്രിമിനല്‍ പശ്ചാത്തലമില്ല; വീട്ടിലും ഫാമിലുമായി 15 ലേറെ നായ്ക്കൾ…

Spread the love

27/11/2023 തിങ്കളാഴ്ച സമയം വൈകിട്ട് 4.30…ദിനാന്ദ്യത്തിന്റെ ആലസ്യത്തിലേക്ക് വഴുതിത്തുടങ്ങിയ കേരളത്തെ ഞെട്ടിച്ച് ഒരു വാർത്ത പുറത്തുവരുന്നു. കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ഒരു ആറുവയസുകാരിയെ ചിലർ തട്ടിക്കൊണ്ടുപോയി. സഹോദരനൊപ്പം ട്യൂഷനു പോയ കുട്ടിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയെന്നായിരുന്നു വാർത്ത. ആലുവ പീഡനക്കൊലപാതകത്തിന്റെ വേദന കെട്ടടങ്ങുംമുമ്പ് മറ്റൊരു മുറിവ് കൂടി പേറേണ്ടിവരുമോയെന്ന് ഭയന്ന നിമിഷം

കാണാതായ കുട്ടിയുടെ ചിത്രം മാധ്യമങ്ങൾ ഇടവേളയില്ലാതെ നൽകി. കുഞ്ഞിനെ കണ്ടെത്താൻ പൊലീസും നാട്ടുകാരും കൈകോർത്തു. മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ തിരികെ കിട്ടാൻ പണം ആവശ്യപ്പെട്ട് ആദ്യത്തെ ഫോൺ കോൾ. ഒടുക്കം മോചനദ്രവ്യം 10 ലക്ഷം വരെ എത്തി. പൊലീസ് തങ്ങളിലേക്ക് അടുക്കുകയാണെന്ന് മനസിലാക്കിയ പ്രതികൾ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപക്ഷേച്ച് രക്ഷപ്പെടുന്നു. ഒടുവിൽ കുഞ്ഞിനെ കാണാതായി 21-ാം മണിക്കൂറിലാണ് ആശ്വാസ വാർത്ത വന്നത്.

കുഞ്ഞിനെ കിട്ടിയെങ്കിലും ഒരുപാട് ചോദ്യങ്ങൾ ബാക്കിയായി. പ്രതികൾ എവിടെ? എന്തായിരുന്നു ഉദ്ദേശ്യം?കുട്ടിയെ അന്നു രാത്രി പ്രതികൾ താമസിപ്പിച്ച വീട് ഏത്? ആകെ ദുരൂഹതകൾ മാത്രം. രേഖാചിത്രങ്ങളിലെ പ്രതികൾക്കായി പൊലീസിൻ്റെ പഴുത്തടച്ച അന്വേഷണം. ഒടുവിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുന്നു. തെങ്കാശിലയിൽ നിന്നാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പൊലീസിന്റെ കാര്യക്ഷമായ ഇടപെടൽ കിഡ്നാപ്പിംഗ് കേസിൻ്റെ ചുരുളഴിച്ചു. അങ്ങനെ ഒടുവിൽ സ്ഥിരീകരണമായി, ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ചാത്തന്നൂർ സ്വദേശി കെ.ആർ പത്മകുമാറാർ എന്നയാൾ. പിടിയിലായ മറ്റുള്ളവർ ഇയാളുടെ ഭാര്യയും മകളും. ഒറ്റപ്പെട്ട ജീവിതമായിരുന്നു പത്മകുമാറിന്. ആരോടും സൗഹൃദം പുലർത്തിയിരുന്നില്ല. പുറത്ത് ആരുമായിട്ടും അടുപ്പം സൂക്ഷിക്കാത്ത പത്മകുമാറിന്റെ ജീവിതം വീടിനകത്തു തന്നെയായിരുന്നു. ഇയാളാണ് പ്രതിയെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

ഒറ്റപ്പെട്ട ജീവിതം:
ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തു പത്മകുമാറിന്റെ വീട്. കംപ്യൂട്ടർ വിദഗ്ധൻ, ക്രിമിനല്‍ പശ്ചാത്തലമില്ല, വീട്ടിൽ ഭാര്യയും മകളുമാണ് ഉള്ളത്. കാവലിനായി കുറേ നായ്ക്കൾ. പത്മകുമാറിന്റെ മാതാവ് ആർടി ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു. വെഹിക്കിൾ ഇൻസ്പെക്ടറായ പിതാവിന്റെ മരണശേഷമാണു മാതാവിനു ജോലി ലഭിക്കുന്നത്. മാതാവ് ഏതാനും മാസം മുൻപു മരിച്ചു. ഏക സഹോദരൻ വളരെ മുൻപു തന്നെ മരിച്ചിരുന്നു. അയൽവാസികളുമായി വലിയ സഹകരണമുണ്ടായിരുന്നില്ല.

സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തില അംഗമായ പത്മകുമാറിന് കേബിൾ ടിവി, ബേക്കറി, റിയൽ എസ്റ്റേറ്റ് ബിസിനസുണ്ട്, കൂടാതെ ഒരു ഫാമും… ഏതാനും വർഷം മുൻപാണ് വസ്തു വാങ്ങിയത്. ഫാമിൽ 2 പശുക്കളും കുട്ടികളുമായി 6 മാടുകൾ ഉണ്ട്. ഭാര്യയുമായി ദിവസവും പോളച്ചിറ ഫാമിൽ പോകുമായിരുന്നു. വ്യാഴാഴ്ച് ഉച്ചയ്ക്ക് ഒരു മണി കഴിയുന്നതു വരെ പത്മകുമാറും ഭാര്യയും മകളും ചിറക്കര ഗ്രാമപഞ്ചായത്തിൽപ്പെട്ട പോളച്ചിറ തെങ്ങുവിളയിലെ ഫാമിൽ ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപുതന്നെ നാട് വിട്ടു പോകാനുള്ള ഒരുക്കം പത്മകുമാർ നടത്തിയിരുന്നു എന്ന് വേണം മനസിലാക്കാൻ.

വീട്ടിൽ വളർത്തിയിരുന്ന 9 നായ്ക്കളെ ഇയാൾ ഫാമിലേക്ക് മാറ്റി. നീലക്കാറിൽ 2 നായ്ക്കളെ വീതം പത്മകുമാർ ആണ് ഫാമിൽ കൊണ്ടുവന്നത്. ഫാമിൽ വേറെ 6 നായ്ക്കൾ ഉണ്ട്. ഇന്നലെ സന്ധ്യയ്ക്ക് ഫാമിൽ പൊലീസ് പരിശോധന നടത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ലഭിച്ചു. ഇവരുടെ വെള്ള, നീല കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നും മറ്റൊരു കാർ തെങ്കാശിയിൽനിന്നുമാണ് പിടിച്ചെടുത്തത്.