Kerala

ആലപ്പുഴയെ ഞെട്ടിച്ച മരണം, ഒരൊറ്റ ചിതയിൽ കുടുംബത്തിലെ നാലുപേരും ഒന്നിച്ച് മടങ്ങി; തേങ്ങലോടെ തലവടി ഗ്രാമം

Spread the love

എടത്വാ: രോഗവും സാമ്പത്തിക പരാധീനതയും തളർത്തിയതോടെ പിഞ്ചുകുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കിയ കുടുംബത്തിലെ നാലുപേര്‍ക്കും ഒരു ചിതയിൽ അന്ത്യയാത്ര. കണ്ണീർ അടക്കാൻ കഴിയാതെ തലവടി ഗ്രാമം തേങ്ങി. തലവടി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പ് വീട്ടിൽ സുനു (36), ഭാര്യ സൗമ്യ (31) ഇരട്ടകുട്ടികളായ ആദി, ആതിൽ (മൂന്നര) എന്നിവരുടെ മൃതദേഹമാണ് ഒറ്റചിതയിൽ അടക്കിയത്.

മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ മുതൽ നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലും വഴിയിലുമായി ഒരുനോക്കു കാണാൻ തടിച്ചു കൂടിയത്. തിരക്ക് മൂലം മണിക്കൂറുകൾ താമസിച്ചാണ് മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ ആയിരക്കണക്കിനാളുകൾ വീട്ടിലം എത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വരെ ആദിയുടെയും അതുലിന്റെയും കളിചിരികൾ മുഴങ്ങിയ വീട്ടിൽ തേങ്ങലും നെടുവീർപ്പുകളും ഉയർന്നു. മൃതദേഹം പൊതുദർശനത്തിനായി തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ ഒരേപോലെ നിറമുള്ള വസ്ത്രം ധരിപ്പിച്ച് നിരത്തി കിടത്തിയപ്പോൾ ഒരുനോക്ക് കാണാൻ ആളുകളുടെ തിരക്ക് നിയന്ത്രണാധിതമായി. വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നാല് മണിയോടുകൂടി ആദ്യം പിതാവായ സുനുവിന്റെയും തുടർന്ന് മക്കളായ ആദിയുടെയും അതുലിന്റെയും അവസാനം മാതാവ് സൗമ്യയുടെയും മൃതദേഹം ചിതയിൽ കിടത്തി. സുനുവിന്റെ സഹോദരൻ സുജിത്തിന്റെ മകൻ സൂര്യൻ ചിന്തയ്ക്ക് തീ കൊളുത്തി. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ആദിയുടേയും അതുലിന്റേയും മൃതദേഹം ചിതയിൽ ലയിച്ച് ഇല്ലാതാകുന്നത് നൊമ്പരകാഴ്ചയായി.