Kerala

നവകേരള സദസ്സ് ഇന്ന് പാലക്കാട് പര്യടനം ആരംഭിക്കും; ജില്ലയിലെ പര്യടനം മൂന്ന് ദിവസം

Spread the love

നവകേരളസദസ്സ് മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് പാലക്കാട് പര്യടനം തുടങ്ങും. മൂന്ന് ദിവസമാണ് ജില്ലയിലെ മന്ത്രിമാരുടെ പര്യടനം. ജില്ലയിൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയേക്കുമെന്നാണ് വിവരങ്ങൾ. പ്രവർത്തകരെ തടങ്കിലാക്കിയാൽ മുഴുവൻ മണ്ഡലങ്ങളിലും കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.

തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് എത്തുക. രാവിലെ കുളപ്പുളളി പളളിയാലിലെ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം.തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമുണ്ടാകും. ശേഷം ചാലിശ്ശേരി അൻസാരി ഓഡിറ്റോറിയത്തിലും പട്ടാമ്പി ശ്രീ നീലകണ്ഠഗവൺമെന്റ് സംസ്‌കൃത കോളേജിലും ചെർപ്പുളശ്ശേരി ജിഎച്ച്എസ്എസ് ഗ്രൗണ്ടിലും ചിനക്കത്തൂർ മൈതാനത്തും സദസ്സ് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ജില്ലയിൽ പൊലീസ് ഏർപ്പെടുത്തുന്നത്.

ഇതിനിടെ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയേക്കുമെന്ന് സൂചനയുണ്ട്. പ്രവർത്തകരെ അകാരണമായി തടങ്കലിലാക്കിയാൽ മുഴുവൻ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പാർട്ടി വിലക്ക് ലംഘിച്ച് യുഡിഎഫ്, ബിജെപി അംഗങ്ങൾ പരിപാടിക്കെത്തുമോ എന്നതും ആകാംക്ഷ ഉയർത്തുന്ന കാര്യമാണ്.

നവകേരള സദസ്സിൽ എവിടെയും വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ രക്ഷിതാക്കളോടൊപ്പമാണ് വരുന്നത്. തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിന്റെ തെളിവാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം. ബഹിഷ്കരിച്ച യുഡിഎഫ് എംഎൽഎമാർ പോലും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ടെന്നും.

സർക്കാർ പരിപാടിയാണ് നവകേരള സദസ്സ്. അതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥന്മാർക്കും പങ്കെടുക്കാം. ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് ജനങ്ങൾ ആണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. സ്വഭാവികമായി പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ കൂടെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കേണ്ട ആവശ്യം ഇല്ല. ഇത് സംബന്ധിച്ച് ഒരു ഉത്തരവും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നോ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിന്നോ നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.