Thursday, December 26, 2024
Latest:
National

പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചതിന് യുപിയിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

Spread the love

ഉത്തർപ്രദേശിൽ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. യുപിയിലെ ബദൗൺ ജില്ലയിലാണ് ദാരുണമായ സംഭവം. പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് 24 കാരനായ കമലേഷിനെയാണ് ഒരു സംഘമാളുകൾ ചേർന്ന് വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രധാന പ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ടാപ്പിൽ നിന്ന് കമലേഷ് വെള്ളം കുടിച്ചതറിഞ്ഞെത്തിയ പ്രതികൾ ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമികൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മർദനമേറ്റ് അവശനിലയിലായ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കമലേഷിന്റെ പിതാവ് ജഗദീഷിന്റെ പരാതിയിൽ പൊലീസ് സൂരജ് റാത്തോഡ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.