Kerala

ഈ മാസം 15ന് വർക്കലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാലംഗ സംഘത്തിൻ്റെ ശ്രമം; പെൺകുട്ടി ബഹളം വച്ചതോടെ ഉപേക്ഷിച്ചു

Spread the love

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ മറ്റൊരു വാർത്ത പുറത്ത്. ഈ മാസം 15ന് തിരുവനന്തപുരം വർക്കലയിൽ സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു എന്നതാണ് നിലവിൽ പുറത്തുവന്ന വാർത്ത.

അയിരൂരിൽ വെള്ളക്കാറിൽ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 11 വയസ്സുള്ള പെൺകുട്ടിയെയാണ്. സ്കൂളിലേക്ക് പോകാൻ നിന്ന കുട്ടിയെ വാ പൊത്തി കാറിൽ കയറ്റാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഉപേക്ഷിച്ചെന്നും മാതാവ് പറയുന്നു. സംഭവത്തിൽ മാതാവ് അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഓയൂരിൽ നിന്ന് ആറ് വയസുള്ള പെൺകുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമ വിമൽ സുരേഷിന്റേതാണെന്നാണ് കണ്ടെത്തൽ. വിമൽ സുരേഷാണ് നിലവിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരിൽ ഒരാളെന്നാണ് സൂചന.

മൂന്ന് പേരെയാണ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിൽ ഒരാളെ ശ്രീകാര്യത്ത് നിന്നും രണ്ട് പേർ ശ്രീകണ്ഠാപുരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കാർ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരിൽ ഒരാളായ പ്രതീഷ്. അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകളുടെ 19 കെട്ടും കടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.