കാര്യവട്ടത്ത് ഇന്ത്യൻ വീരഗാഥ; 44 റൺസിന് വിജയിച്ച് ഇന്ത്യ
ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 44 റൺസിനാണ് വിജയം. 236 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ഓസീസ് പോരാട്ടം 191 ൽ അവസാനിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ അഞ്ചാം വിജയമാണ് ഇത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണയും രവി ബിഷ്‌ണോയിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്.
ഇന്ത്യയുടെ ബാറ്റിംഗ് വിരുന്നിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മനോഹരമായ ബാറ്റിംഗ് കാഴ്ചവയ്ക്കാൻ ഇന്ത്യയുടെ മുൻനിര താരങ്ങൾക്ക് കഴിഞ്ഞു. ഇന്ത്യയുടെ ഓപ്പണർമാരായ ഋതുരാജ് ഗെക്വാദും യശസ്വി ജയ്‌സ്വാളും അർധ സെഞ്ചുറി നേടി. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷനും അർധ സെഞ്ചുറി നേടി.
58 റൺസെടുത്ത ഋതുരാജ് ഗെക്വാദാണ് ടോപ്പ് സ്‌കോറർ. യശ്വസി ജെയ്‌സ്വാൾ 53 റൺസും ഇഷാൻ കിഷൻ 52 റൺസും നേടി. 9 പന്തിൽ നിന്ന് 31 റൺസുമായി ഇന്ത്യയുടെ പുതിയ ഫിനിഷർ റിങ്കു സിംഗും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ട്വന്റി-20 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് തിരുവനന്തപുരത്ത് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. ഗ്ലെൻ മാക്‌സ്വലും ജോഷ് ഇംഗ്ലിസും പുറത്തായി. ഓസ്‌ട്രേലിയയുടെ മുൻനിര ഇതോടെ തകരുകയായിരുന്നു.