World

ശ്രീലങ്കൻ കായിക മന്ത്രിയെ പുറത്താക്കി പ്രസിഡന്റ്

Spread the love

ശ്രീലങ്കൻ മന്ത്രിസഭയിൽ നിന്ന് കായിക മന്ത്രി റോഷൻ രണസിംഗയെ പുറത്താക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബോർഡിലെ അഴിമതി തുടച്ചുനീക്കാൻ ശ്രമിച്ച തന്നെ പ്രസിഡന്റ് വധിക്കാൻ ശ്രമിച്ചതായി കായിക മന്ത്രി നേരത്തെ ആരോപിച്ചിരുന്നു.

ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ ശ്രീലങ്കയുടെ ദയനീയ തോൽവിക്ക് പിന്നാലെയാണ് മുഴുവൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയും (എസ്‌എൽ‌സി) കായിക മന്ത്രി പിരിച്ചുവിടുന്നത്. തുടർന്ന് 1996 ൽ ലോകകപ്പ് നേടിയ ക്യാപ്റ്റൻ അർജുന രണതുംഗ അധ്യക്ഷനായ ഒരു ഇടക്കാല സമിതിയെ നിയമിക്കുകയും ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജിയും മുൻ ബോർഡ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് അംഗങ്ങൾ അടങ്ങിയതാണ് സമിതി.

നവംബർ 7-ന് കായിക മന്ത്രി നിയമിച്ച ഇടക്കാല സമിതിയുടെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എസ്‌എൽസി പ്രസിഡന്റ് ഷമ്മി സിൽവ സമർപ്പിച്ച റിട്ട് ഹർജിയിലാണ് അപ്പീൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിക്കറ്റ് ബോർഡിനെ മാറ്റാനുള്ള കായിക മന്ത്രിയുടെ നീക്കത്തെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗയെ ചൊടിപ്പിച്ചു. കായിക മന്ത്രിയുടെ തീരുമാനം പ്രസിഡന്റിന്റെ ശാസനയ്ക്ക് ഇടയാക്കി.

പിന്നാലെയാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെക്കെതിരെ വധശ്രമ ആരോപണവുമായി കായികമന്ത്രി രംഗത്തെത്തിയത്. ‘ക്രിക്കറ്റ് ബോർഡ് വൃത്തിയാക്കാനുള്ള ശ്രമത്തിൻ്റെ പേരിൽ ഞാൻ കൊല്ലപ്പെട്ടേക്കാം. ഞാൻ റോഡിൽ കൊല്ലപ്പെട്ടാൽ പ്രസിഡന്റും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫുമാണ് അതിന് ഉത്തരവാദികൾ’- അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഈ പ്രസ്താവന നടത്തി മണിക്കൂറുകൾക്കകമാണ് ശ്രീലങ്കൻ മന്ത്രിസഭയിൽ നിന്ന് കായികമന്ത്രി ഔട്ട് ആയത്.