ഇന്ന് അവധി, എല്ലാ പരീക്ഷകളും മാറ്റിവച്ചു; കണ്ണീരുണങ്ങാതെ കുസാറ്റ്, വിദ്യാർഥികളുടെ മരണത്തിൽ അനുശോചന യോഗവും
കൊച്ചി: അപ്രതീക്ഷിത ദുരന്തത്തില്‍ ജീവൻ നഷ്ടമായ വിദ്യാർഥികൾക്ക് ഇന്ന് കുസാറ്റ് സര്‍വകലാശാല ആദരാഞ്ജലികള്‍ അര്‍പ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക. വിദ്യാർഥികളുടെ മരണത്തിൽ അനുശോചനം അർപ്പിക്കാനായി ഇന്ന് കുസാറ്റ് സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സർവകലാശാല അറിയിച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു.
അതേസമയം സർവകലാശാലയിലുണ്ടായ അപ്രതീക്ഷിത ദുരന്തം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയും ഇന്ന് രാവിലെ യോഗം ചേരും. സിന്‍ഡിക്കേറ്റ് അംഗം കെ കെ കൃഷ്ണകുമാര്‍, മാത്തമാറ്റിക്സ് പ്രൊഫസര്‍ ശശി ഗോപാലന്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി കെ ബേബി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.