കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ ടീമിന്റെ സേവനം ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കുസാറ്റ് ദുരന്തത്തിൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിൽ നിന്ന് ശേഖരിക്കാനാണ് നീക്കം. സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് എന്തുകൊണ്ട് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. അഭിഭാഷകന്റെ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നൽകിയത്. പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നായിരുന്നു സംസ്കാരം.