Kerala

‘കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നു’; കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ച സമ്മതിച്ച് വി സി

Spread the love

കുസാറ്റ് അപകടത്തിലെ സംഘാടന വീഴ്ച സമ്മതിച്ച് വി സി പി.ജി ശങ്കരൻ. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആൾകൂട്ടം പരിപാടി കാണാനെത്തി. അധ്യാപകർ ഉൾപ്പെടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. സംഘാടകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.

പൊലീസിനോട് വക്കാൽ പറഞ്ഞിരുന്നു. ഓദ്യോഗികമായി അറിയിച്ചോയെന്ന് പരിശോധിക്കും. തിക്കും തിരക്കും, കുത്തനെയുള്ള ഇറക്കവുമാണ് അപകടകാരണം.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. സിന്റിക്കേറ്റ് ഉപമസമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. പൊതുദർശനത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റിൽ പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചു. പ്രോഗ്രാം തുടങ്ങാറായപ്പോൾ മഴ ചാറി തുടക്കുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. അപ്പോൾ സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തു.

മരിച്ചവരിൽ 3 പേർ കുസാറ്റ് വിദ്യാർഥികളാണ്. ഒരാൾ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാർഥികൾ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ സംഘടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. ഒദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നും തിക്കും തിരക്കും കണ്ടാണ് ഒരു ജീപ്പ് പൊലീസിനെ വിന്യസിച്ചതെന്ന് പൊലീസ് അറിയിച്ചു.