ഇന്ത്യൻ വിവാഹങ്ങൾ വിദേശത്ത് സംഘടിപ്പിക്കുന്നതെന്തിന് ?’ : പ്രധാനമന്ത്രി
ഇന്ത്യൻ വിവാഹങ്ങൾ വിദേശത്ത് സംഘടിപ്പിക്കാതെ ഇന്ത്യൻ മണ്ണിൽ തന്നെ സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ചില സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഈ ട്രെൻഡിൽ താൻ അസ്വസ്ഥനാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. വിവാഹ ഷോപ്പിംഗ് നടത്തുമ്പോഴും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവാഹ സീസൺ എത്തി കഴിഞ്ഞു. ചില വ്യവസായ സ്ഥാപനങ്ങൾ വിലയിരുത്തുന്നത് ഇന്ത്യയിൽ 5 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ്. അതുകൊണ്ട് തന്നെ വിവാഹ ഷോപ്പിംഗ് നടത്തുമ്പോൾ ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ ഉപയോഗിക്കണം’ – മോദി പറഞ്ഞു.
‘വിവാഹവുമായി ബന്ധപ്പെട്ട കാര്യം സംസാരത്തിൽ വന്നതുകൊണ്ട് തന്നെ പറയട്ടെ…കുറച്ചധികം നാളുകളായി ഒരു കാര്യം എന്നെ അലട്ടുന്നുണ്ട്. എന്റെ ഹൃദയത്തിലെ വേദനെയ കുറിച്ച് എന്റെ വീട്ടുകാരോട് പറഞ്ഞില്ലെങ്കിൽ വേറെ ആരോട് പറയും ? ഇപ്പോൾ വലിയ ഇന്ത്യൻ കുടുംബങ്ങൾ തുടങ്ങി വച്ചൊരു ട്രെൻഡുണ്ട്, വിദേശത്ത് പോയി വിവാഹം നടത്തുക എന്നത്. അത് ആവശ്യമാണോ ?’ പ്രധാനമന്ത്രി ചോദിച്ചു. വിവാഹം പോലുള്ള ആഘോഷങ്ങൾ ഇന്ത്യയിൽ തന്നെ സംഘടിപ്പിച്ചാൽ ആ പണം ഇന്ത്യയ്ക്ക തന്നെ ലഭിക്കും.
രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ നേതൃത്വം ജനങ്ങൾ തന്നെ ഏറ്റെടുത്താൽ രാജ്യ പുരോഗതിയിൽ നിന്ന് ആർക്കും ഇന്ത്യയെ തടുക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.