Sunday, January 5, 2025
Latest:
Kerala

സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്

Spread the love

സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയർന്ന തുക ക്വോട്ട് ചെയ്തതിനാൽ ടെൻഡർ സപ്ലൈകോ നിരസിച്ചു.

700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികൾക്ക് നൽകാനുള്ളത്. ഈ കുടിശ്ശിക ഓണത്തിന് ശേഷം നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തുക അനുവദിച്ചില്ല. ഇതോടെ കരാറുകാർ കൂട്ടത്തോടെ പിൻവാങ്ങി.

സപ്ലൈകോ ക്ഷണിച്ച ടെണ്ടറുകളിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കുടിശ്ശിക നൽകാതെ ടെൻഡറിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. പങ്കെടുത്തവരാകട്ടെ ഉയർന്ന തുകയാണ് ക്വോട്ട് ചെയ്തത്. തുക ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

ഈ നിരക്കിൽ സാധനങ്ങൾ വാങ്ങാനാകില്ലെന്ന് സപ്ലൈകോ വ്യക്തമാക്കി. തുടർന്ന് ഈ ടെൻഡറുകൾ സപ്ലൈകോ നിരസിച്ചു. പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബർ 14ന് ടെൻഡർ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതേതുടർന്ന് വീണ്ടും ടെൻഡർ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികൾ സഹകരിച്ചില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് നീങ്ങും.