തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ’; കോളജ് അധികൃതരുടെ മൊഴിയെടുക്കും
കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ സംഘാടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. ഒദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നും തിക്കും തിരക്കും കണ്ടാണ് ഒരു ജീപ്പ് പൊലീസിനെ വിന്യസിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിപാടിയിൽ 1500 പേരെയാണ് പ്രതീക്ഷിച്ചത്, എന്നാൽ അകത്ത് 1000 താഴെ ആളുകളും പുറത്ത് 2000 ത്തിൽ കൂടുതൽ പേരും ഉണ്ടായിയിരുന്നു. ടി ഷർട്ടും, ഐ ഡി കാർഡുമാണ് പ്രാവേശനത്തിന് മാനദണ്ഡമായി വച്ചിരുന്നത്. ഓഡിറ്റോറിയത്തിൽ രണ്ട് ഗേയറ്റുകൾ കൂടി ഉണ്ടായിരുന്നു,
എന്നാൽ തുറക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. തിരക്ക് പൂർണമായും നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെയാണെന്നുമാണ് വിവരം. സിന്ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും.
കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്.
മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഉടൻ പൂർത്തിയാക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.