World

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ഇസ്രയേലികളെയും 12 തായ് പൗരന്മാരെയും വിട്ടയച്ചു

Spread the love

ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാൻ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്‌ലൻഡിൽനിന്നുള്ള 12 പേരെയും മോചിപ്പിച്ചു. 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിൻറെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്.

റഫാ അതിർത്തിയിൽ ബന്ദികളെ റെഡ്‌ക്രോസ് തങ്ങൾക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം. ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ പൂർത്തിയാക്കിയിരുന്നു.

ഇവരെ ഇസ്രയേലി അധികൃതർ ആറിഷ് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ഇസ്രയേൽ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുൻപ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. റെഡ് ക്രോസിന് കൈമാറിയ ഇവർ നിലവിൽ ഈജിപ്ത് അതിർത്തിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.