Kerala

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

Spread the love

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കും. തിങ്കളാഴ്ചയോടെ ഈ ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് സ്വദേശി നല്‍കിയ ഉപഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നവകേരള സദസിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടും കുട്ടികളെ പരിപാടിയിലേക്ക് കൊണ്ടുപോകുന്നതിലും രണ്ട് ഹര്‍ജികളാണ് കാസര്‍ഗോഡ് സ്വദേശി കോടതിയില്‍ സമര്‍പ്പിച്ചത്. സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കുന്നതിന് കോടതി സ്‌റ്റേ നല്‍കി. കുട്ടികളെ കൊണ്ടുപോകുന്നതിനെതിരായ ഹര്‍ജി ഗൗരവത്തിലെടുത്ത കോടതി, സര്‍ക്കാരിനോട് മറുപടി നല്‍കാനും ആവശ്യപ്പെട്ടു. ഇതിലാണ് ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

Read Also: നവകേരള സദസിൽ 200 വിദ്യാർഥികളെ എത്തിക്കണം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

നവകേരള സദസില്‍ പങ്കെടുക്കാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പാണ് കര്‍ശന നിര്‍ദേശമിറക്കിയത്. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു ഉത്തരവ്. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നവകേരള സദസ് നടക്കുന്ന സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു.