വനിത സിജെഎമ്മിനെതിരെ അധിക്ഷേപ മുദ്രാവാക്യം; കോട്ടയത്തെ അഭിഭാഷകരുടെ സമരം വിവാദത്തിൽ
കോട്ടയം: വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് അഭിഭാഷകർ നടത്തിയ പ്രകടനത്തിൽ വനിതാ സിജെഎമ്മിനെതിരെ ഉപയോഗിച്ച മുദ്രാവാക്യങ്ങൾ വിവാദമാകുന്നു. 10 വർഷം മുൻപ് നടന്ന സംഭവത്തിൽ ജില്ലയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. എം പി നവാബിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ കോട്ടയത്ത് അഭിഭാഷക പ്രതിഷേധം. അഭിഭാഷകനെതിരെ അകാരണമായി കേസ് എടുത്തെന്നാണ് പ്രതിഷേധിച്ച അഭിഭാഷകരുടെ നിലപാട്.
2013ൽ ക്രിമിനൽ കേസിൽ ശിക്ഷ കിട്ടിയ പ്രതി വ്യാജമായി കരമടച്ച രസീതുണ്ടാക്കി കോടതിയിൽ നിന്ന് ജാമ്യം നേടിയ സംഭവത്തിൽ അഭിഭാഷകനായ എം പി നവാബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിജെഎം കോടതിയിലെ ശിരസ്താദറുടെ പരാതിയിലായിരുന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ്. പ്രതി ഹാജരാക്കിയ കരമടച്ച രസീത് വ്യാജമായതിന് അഭിഭാഷകനെതിരെ കേസെടുത്ത നടപടി തെറ്റാണെന്ന് ആരോപിച്ചായിരുന്നു വനിതയായ സിജെഎമ്മിന് എതിരായ അഭിഭാഷക പ്രതിഷേധം. കോട്ടയത്ത് കോടതി കോംപ്ലക്സിൽ പ്രതിഷേധ സൂചകമായി നടത്തിയ പ്രകടനത്തിലായിരുന്നു വനിതാ സി ജെ എമ്മിനെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയത്.
പ്രതി പരിചയപ്പെടുത്തുന്നയാളെ ജാമ്യക്കാരനെന്ന് അഭിഭാഷകൻ കോടതിയിൽ സാക്ഷ്യപ്പെടുത്തുക മാത്രമാണ് പതിവെന്നതിനാൽ ഇത്തരം സംഭവങ്ങളിൽ അഭിഭാഷകനെതിരെ കേസെടുക്കാറില്ല എന്നാണ് പ്രതിഷേധിച്ച അഭിഭാഷകരുടെ വാദം. അഡ്വ. നവാബ് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. അഡ്‌വക്കേറ്റ് നവാബിനെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേയ്ക്ക് കോടതി ബഹിഷ്കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം.