National

രജൗരി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി

Spread the love

ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബയുടെ കൊടും ഭീകരൻ ഖാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ വീരമൃതു വരിച്ചിരുന്നു.

ധർമ്മസാൽ ബെൽറ്റിലെ ബാജിമാൽ മേഖലയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഖാരി എന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, അഫ്ഗാൻ ഫ്രണ്ടിൽ നിന്ന് പരിശീലനം നേടിയിയ ഇയാൾ ലഷ്കർ തൊയ്ബയുടെ ഉയർന്ന റാങ്കിലുള്ള ഭീകര നേതാവാണ്.

കഴിഞ്ഞ ഒരു വർഷമായി പാക് ഭീകരൻ തന്റെ സംഘത്തോടൊപ്പം രജൗരി-പൂഞ്ചിൽ സജീവമാണ്. മേഖലയിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഖാരി എത്തിയത്. ഐഇഡി നിർമാണത്തിൽ വിദഗ്ധനാണ് ഇയാൾ. ഡാങ്‌ഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരൻ ഇയാളാണെന്ന് കരുതുന്നതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച രജൗരിയിലെ ധർമ്മസൽ-കമൽകോട്ട് വനമേഖലയിൽ ഒളിച്ചിരുന്ന ഒരു കൂട്ടം തീവ്രവാദികളെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും ക്യാപ്റ്റൻ എം.വി പ്രഞ്ജൽ, ക്യാപ്റ്റൻ ശുഭം എന്നിവരടക്കം നാല് സൈനികർ വീരമൃതു വരിക്കുകയും ഒരു മേജർ ഉൾപ്പെടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.