കോൺഗ്രസ് – ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുന്നു; പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സാദിഖ് അലി തങ്ങൾ
പലസ്തിൻ ജനതക്കൊപ്പമാണ് നാം എന്ന് വീണ്ടും തെളിയിക്കുന്നതാണ് ഇന്നത്തെ റാലിയെന്നും കോൺഗ്രസ് – ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുകയാണെന്നും സാദിഖ് അലി തങ്ങൾ. കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളികളും ഉൾവിളികളും ഉണ്ടാകും. മുന്നണി ബന്ധം എന്നത് ഒരു നിലപാടാണ്. മനുഷ്വത്വ രഹിതമായ നിലപാടാണ് ഇസ്രയേൽ പലസ്തീനോട് കാണിക്കുന്നത്. കോൺഗ്രസിന് നല്ലൊരു റാലി നടത്താൻ സാധിച്ചു. വെടിനിർത്തൽ വന്നത് ആശ്വസമാണ്. അന്താരാഷ്ട്ര സമൂഹം ഒന്നിച്ചിരുന്ന് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ പലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചിലർക്ക് കോഴിക്കോട് വന്നപ്പോൾ കോൺഗ്രസിനെ കുറിച്ച് സംശയമാണെന്ന് സിപിഐഎമ്മിനെ ഉന്നം വെച്ച് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം ഒന്ന് പരിശോധിക്കണം. ചരിത്രം എണ്ണി പറഞ്ഞുകൊണ്ടാണ് സി പി ഐ എമ്മിന് സതീശൻ മറുപടി നൽകിയത്.
ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നും അവർ ആരുടെയും കെണിയിൽ വീണില്ലെന്നും എഐസിസി ജന. സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ട് മറ്റ് പല രാജ്യങ്ങൾക്ക് മുന്നിലും അടിയറവ് പറയുന്നതല്ല കോൺഗ്രസ് നിലപാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കാണണം എന്നതാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.
ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം ആണ് പലസ്തീനികളുടേത്. കൂടിയാലോചനകൾ നടത്താതെ, അല്പം പോലും ആലോചിക്കാതെ മോദി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മറ്റ് പല രാജ്യങ്ങളും നിലപാട് തിരുത്തി. കോൺഗ്രസിന് ഒരു നയം ആണ് ഉള്ളത്. അത് അന്നും എന്നും മാറുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാനന്തവാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ എന്നിവർ ഉൾപ്പെടെ പത്തോളം പേരാണ് അറസ്റ്റിലായത്.
നവകേരള സദസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വയനാട് പനമരം, കമ്പളക്കാട്, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പനമരത്ത് പ്രതിഷേധവുമായി റോഡിൽ എത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വയനാട് പനമരം കൈതക്കലിൽ സഘർഷവുമുണ്ടായി.