Kerala

‘നാളത്തെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് എത്തേണ്ട’; ആര്യാടൻ ഷൗക്കത്തിന് വിലക്ക്

Spread the love

മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്കേർപ്പെടുത്തി കെപിസിസി. നാളത്തെ കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് എത്തേണ്ടെന്ന് പാർട്ടി നിർദ്ദേശം നൽകി. അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തത് കൊണ്ടാണ് നിർദ്ദേശം. നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

ആര്യാടന്‍ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടി കോണ്‍ഗ്രസ് മയപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയില്ല. എന്നാല്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കില്‍, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കുമെന്നാണ് വിവരം. ആര്യാടന്‍ ഷൗക്കത്തിന്‍റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്നും പാര്‍ട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവില്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണ്. കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കടുത്ത നടപടികളൊന്നും ശുപാര്‍ശ ചെയ്യുന്നില്ല. അതേസമയം, 23 നുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി കഴിയാനാണ് കാത്തിരിക്കുന്നത്. ചെറിയ തരത്തിലുള്ള നടപടി ഉണ്ടായാല്‍ പോലും കോഴിക്കോട് നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാര്‍ട്ടിക്കുള്ളത്.

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ പേരില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. എന്നാല്‍ സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തിയശേഷം പലസ്തീന്‍ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ തുടര്‍ച്ചയായി നടത്തുന്ന സമാന്തര സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കെപിസിസി നടപടി എടുത്തില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് വിഎസ് ജോയി പക്ഷം നല്‍കുന്നത്