National

ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്രയേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഹൂതി വിമതർ; അവകാശവാദം തള്ളി ഇസ്രയേൽ

Spread the love

ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്രയേൽ ചരക്കുകപ്പൽ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഹൂതി വിമതർ. തെക്കൻ ചെങ്കടലിൽ വെച്ചാണ് കപ്പൽ ഹൂതി വിമതർ പിടിച്ചെടുത്തത്. ‌വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാർ കപ്പലിലുണ്ടെന്നാണ് വിവരം. യുക്രൈയ്ൻ, ബൾഗേറിയ, ഫിലിപ്പീൻസ്, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. ഇസ്രയേൽ കപ്പലാണിതെന്ന് അവകാശപ്പെട്ടാണ് ഹൂതികൾ ഇത് പിടിച്ചെടുത്തത്. ‘ഗാലക്‌സി ലീഡർ’ എന്ന ഈ കപ്പലിന്റെ ഉടമസ്ഥൻ ഒരു ഇസ്രയേലി ശതകോടീശ്വരൻ ആണെന്നാണ് വിവരം.

എന്നാൽ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതും ജപ്പാൻ നിയന്ത്രണത്തിലുമുള്ള ചരക്ക് കപ്പലാണ് ഹൂതികൾ പിടിച്ചെടുത്തതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർത്തകൾക്ക് പിന്നാലെ പ്രതികരിച്ചിരിക്കുന്നത്. കപ്പൽ തങ്ങളുടേതല്ലെന്നും ആഗോള കപ്പൽപ്പാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

തെക്കൻ ചെങ്കടലിൽ നിന്ന് പിടിച്ചെടുത്ത കപ്പൽ യെമനിലെ തുറമുഖത്തേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ ഹൂതി സൈന്യം അറിയിച്ചിരിക്കുന്നത്. ഇസ്ലാമിക തത്വങ്ങളനുസരിച്ചാണ് കപ്പലിലെ ജീവനക്കാരോട് പെരുമാറുന്നതെന്നും ഹൂതികളുടെ സൈനിക വക്താവ് അറിയിച്ചു. ഹെലികോപ്ടറിലൂടെ പോരാളികളെ ഇറക്കിയാണ് ഹൂതികൾ കപ്പൽ തട്ടിയെടുത്തത്.

ഇസ്രായേലിന്റെ പതാകയുള്ളതും, ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതുമായ എല്ലാ കപ്പലുകളെയും തങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്ന് ഹൂതി വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. അത്തരം കപ്പലുകളിൽ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ അതത് രാജ്യങ്ങൾ പെട്ടെന്ന് തന്നെ തിരികെ വിളിക്കണമെന്നും ചെങ്കടൽ, ബാബാ അൽ മാൻഡേബ് കടലിടുക്ക് എന്നിവിടങ്ങളിലും ആക്രമണം വർധിപ്പിക്കുമെന്നും ഇവർ അറിയിച്ചിരുന്നു.

ഗസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നതുവരെ ഇസ്രയേലിനെതിരെ സൈനിക നടപടികൾ തുടരുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു.