32കാരിക്ക് വൈൻ കുടിക്കാൻ മോഹം, പുറത്തിറങ്ങാൻ വയ്യ; വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം, നഷ്ടപ്പെട്ടത് വൻതുക
ഗുഡ്ഗാവ്: വൈന്‍ ഹോം ഡെലിവറി നടത്താമെന്ന് വാഗ്ദാനം ചെയ്ത സംഘം യുവതിയില്‍ നിന്ന് തട്ടിയത് 33,000 രൂപ. ഗുഡ്ഗാവ് സ്വദേശിനിയായ സോനം ഷെഖാവത്ത് എന്ന 32കാരിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ മനേസര്‍ പൊലീസ് സ്റ്റേഷനിലെ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയതായി സോനം അറിയിച്ചു.
വൈന്‍ കുടിക്കാന്‍ ആഗ്രഹം തോന്നിയപ്പോള്‍ ഗൂഗിളില്‍ ഓണ്‍ലൈന്‍ ഡെലിവറി സേവനം യുവതി തേടിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ‘ഗുഡ്ഗാവിലെ പ്രമുഖ സ്ഥാപനങ്ങളൊന്നും ഹോം ഡെലിവറി സേവനം നടത്തുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍ നഗരപരിധിക്ക് പുറത്തെ ഒരു സ്ഥാപനം ഹോം ഡെലിവറി നടത്തുന്നുണ്ടെന്ന വിവരം ഗൂഗിളിലൂടെ ലഭിച്ചു. തുടര്‍ന്ന് അവരെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യം പറഞ്ഞു. തുടര്‍ന്ന് യുപിഐ വഴി ഒരു കുപ്പി ഗ്ലെന്ഫിഡിക്കിന് 3,000 രൂപ നല്കി. അവര്‍ക്ക് അത് ലഭിച്ചു, പക്ഷെ ഡെലിവറി ചാര്‍ജ് കൂടി അയക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കോള്‍ വന്നു. എന്നാല്‍ ആ തുക കൂടുതലായതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ അവരോട് ആവശ്യപ്പെട്ടു. ഇതോടെ അവര്‍ അഞ്ച് രൂപ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അത് ക്രെഡിറ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ അയച്ചു തന്നെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് അഞ്ച് രൂപ അയച്ചു. അത് ഡെബിറ്റ് ആവുകയും ഉടന്‍ തിരികെ ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 29,986 രൂപ ഡെബിറ്റ് ചെയ്തതായി സന്ദേശം ലഭിച്ചു. ഇതോടെയാണ് തട്ടിപ്പ് നടന്നതായി വ്യക്തമായത്.’ സൈബര്‍ തട്ടിപ്പ് സംഘത്തിന് മൊബൈല്‍ ഫോണ്‍ സ്ക്രീന്‍ ആക്സസ് നല്കുന്ന ഒരു ആപ്ലിക്കേഷനും താന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു.
അഞ്ച് രൂപ നല്‍കിയതിന് ശേഷമാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്ന് പണം നഷ്ടമായതെന്ന് പൊലീസ് പറഞ്ഞതെന്ന് യുവതി അറിയിച്ചു. ‘ഇടപാട് പൂര്‍ത്തിയാക്കാന്‍ തട്ടിപ്പുകാര്‍ ക്യുആര്‍ കോഡ് അയച്ചിരുന്നു. അതിലെ ഇടപാട് നടക്കുമ്പോഴാണ് പണം നഷ്ടപ്പെട്ടതായി സംശയിക്കുന്നത്. മൊബൈല്‍ ഫോണ്‍ നമ്പറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും വിശദാംശങ്ങള്‍ തേടി.’ ലൊക്കേഷന്‍ ഭരത്പൂര്‍ മേഖലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.